ഇവരൊക്കെ പോലീസാണോ? എന്ത് മനുഷ്യനാണ് സാറേ നിങ്ങൾ !!

0

ഈ കോവിഡ് പ്രതിസന്ധി കാലത്ത്  അവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഈ പോലീസ് ഉദ്യോഗസ്ഥനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.

Sayyid Swalih Thangal Kottakkal ആണ് ഉണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.
ഇന്നലെ വൈകുന്നേരം പത്തനംതിട്ട റ്റി കെ റോഡിൽ നിന്നും അടൂർ റോഡിലേക്ക് വേഗത്തിൽ എത്താൻ വേണ്ടി പോസ്റ്റ്‌ ഓഫീസ് റോഡ് വഴിയുള്ള വൺവേ മുറിച്ച് താഴേക്ക് നേരെ പോയി, ചാടിയത് പോലീസ് വണ്ടിയുടെ മുൻപിലേക്കാണ്. ‘അളിയാ പെട്ടു’ പെട്ടെന്ന് വണ്ടി ഓടിച്ച ചങ്ക് Ir Sha D Irsha പറഞ്ഞു. പറഞ്ഞ് തീരും മുമ്പ് രണ്ട് പോലീസുകാർ കൈ കാണിച്ചു. മുഖത്ത് മാസ്കും അകത്ത് ബെൽറ്റും ഇട്ടിട്ടുണ്ടല്ലോ, പിന്നെന്താ പ്രശ്നം എന്ന് സ്വയം മനസ്സിൽ പറഞ്ഞ് ഐപിസി പുതിയ സെക്ഷനും കണ്ടുപിടിച്ച് വെളിയിലേക്ക് ഇറങ്ങി.

‘എന്തായിരുന്നു സാറേ ‘അതിലൊരു പോലീസുകാരനോട് ഞാൻ ചോദിച്ചു.’ ഇത് വൺവേ ആണെന്ന് അറിയില്ലേ? ‘തൊട്ടടുത്ത് നിന്ന അടുത്ത പോലീസുകാരന്റെ മറുചോദ്യം.എല്ലാ സെക്ഷനും മാഞ്ഞുപോയി. പോലീസുകാർക്കാണോ നിയമത്തിന് പഞ്ഞം. “നമ്മൾ ശ്രദ്ധിക്കുന്നതല്ല അവർ ശ്രദ്ധിക്കുന്നത്, നമ്മൾ ശ്രദ്ധിക്കാത്തതാണ് അവർ ശ്രദ്ധിക്കുന്നത്. അത് നമ്മുടെ ‘ജീവൻ’ ആണ്”

നേരെ എസ് ഐയുടെ മുൻപിലേക്ക് പെറ്റിയടിക്കാൻ പറഞ്ഞുവിട്ട് മറ്റു രണ്ട് പോലീസുകാരും കൈ വീശി ജോലി തുടർന്നു. ഞങ്ങൾ നേരെ ആ ചെറിയ ക്യൂവിലേക്ക് കേറി നിന്നു.തൊട്ട് മുൻപിൽ രണ്ടുപേരുണ്ട്. ആദ്യം നിന്നത് ഒരു ചെറുപ്പക്കാരൻ, വൺവേ തെറ്റിച്ചതിനാണ് പിഴയടക്കാൻ നിൽക്കുന്നത്. 250 രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞപ്പോൾ അവൻ നേരെ പോക്കറ്റിൽ കൈയിട്ട് രണ്ടായിരത്തിന്റെ താള് വീശി. രണ്ടാമത് നിന്നത് മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യനായിരുന്നു. അവനോട് 250 രൂപ പിഴയടയ്ക്കാൻ പറഞ്ഞപ്പോൾ അവൻ വിളറിയ മുഖവും ഇടറിയ ശബ്ദത്തോടും കൂടി അവന്റെ പോക്കറ്റിൽ കൈയിട്ട് തപ്പിയിട്ട് പതിനഞ്ച് രൂപയെടുത്തു കാട്ടി പറഞ്ഞു, “സാറെ എന്റെ കയ്യിൽ ഇതേയുള്ളു’. ‘നിന്റെ ജോലിയെന്താ’ എസ് ഐ ചോദിച്ചു. വെൽഡിങ് പണിക്ക് പോകുവാണ് സാറേ, ഇന്ന് ശമ്പളം കിട്ടിയില്ല’. ‘ഇനി ഇത് ആവർത്തിക്കരുത് കേട്ടോ, ങും!പൊയ്ക്കോ’.

അടുത്തത് ഞങ്ങളുടെ ഊഴമായിരുന്നു. ‘എന്താ വൺവേ തെറ്റിച്ചോ’, എസ് ഐ ചോദിച്ചു. ‘അതെ സർ’ ഞാൻ പറഞ്ഞു. ഒരു 250 അടച്ചിട്ട് പൊയ്ക്കോളൂ. എസ് ഐ പറഞ്ഞു. സർ ഞങ്ങൾ അറിയാതെ ചെയ്തതാണ്, ഇനി ആവർത്തിക്കില്ല, ഇപ്പ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്കണം’ ഞങ്ങൾ പറഞ്ഞ് രക്ഷപെടാൻ നോക്കി. എന്താ ചെയ്യുന്നേ? എന്റെ നേർക്ക് തിരിഞ്ഞ് എസ് ഐ ചോദിച്ചു. ‘സർ, എനിക്ക്‌ പത്തനംതിട്ട ടൗണിൽ Jamalis എന്ന കുഴിമന്തി Restaurant ആണ്.” ഞാൻ മറുപടി പറഞ്ഞു.

അപ്പോഴേക്കും അടുത്തയാളോട് ‘എന്താ ഹെൽമെറ്റ്‌ ഇല്ലേ?’, ‘അല്ല സർ, വൺവേ കേറിയാണ് വന്നത്’. ഉടനെ അയാൾ മറുപടി പറഞ്ഞു. 250 പെറ്റി അടയ്ക്കണമെന്ന് എസ് ഐ പറഞ്ഞു. അവൻ എല്ലാ പോക്കറ്റിലും കയ്യിട്ടു, പക്ഷെ ചില്ലറത്തുട്ടുകൾ മാത്രമാണ് അതിലും ഉണ്ടായിരുന്നത്. ‘എന്താ ജോലി’ എസ് ഐ ചോദ്യം ആവർത്തിച്ചു. സാറെ, ഞാൻ മെക്കാനിക്കായിട്ട്‌ പണി ചെയ്യുവാ. ‘ആ പൊയ്ക്കോ’ എസ് ഐ സർ അവനെയും പറഞ്ഞുവിട്ടു.

‘ഈ പാവങ്ങൾക്ക് ശമ്പളം പോലും കിട്ടുന്നുണ്ടാവില്ല. അവരുടെ കുടുംബം പോലും ചിലപ്പോൾ പട്ടിണിയിലായിരിക്കും. ഇവരോട് എങ്ങനെ ഞാൻ പെറ്റി വാങ്ങും’.
അത് എനിക്ക് എന്റെ ജീവിതത്തിലെ ഒരു പുതിയ കാഴ്ച്ചയായിരുന്നു. ഞാൻ മറ്റൊന്നും പറഞ്ഞ് ഇളവ് വാങ്ങാൻ നിന്നില്ല. അപ്പോൾ തന്നെ ഞാൻ സന്തോഷത്തോടെ പെറ്റിയടയ്ക്കാൻ തയ്യാറായി. ആ പണം അത് ഇല്ലാത്തവന്റെയും കൂടി വിഹിതമാണ്. എന്തോ ഒരു ആത്മാഭിമാനത്തോടെ ഞാൻ ആ രസീത് വാങ്ങി എന്റെ പോക്കറ്റിൽ വെച്ചു. എന്നിട്ട്‌ എസ് ഐയുടെ വലത്തേ പോക്കറ്റിലേക്ക് നോക്കി ആ പേര് വായിച്ചു
“Sub Inspector. As har Ibinu Mir Sahib”

സത്യം പറഞ്ഞാൽ അപ്പോൾ അദ്ദേഹത്തിന് ഒരു സല്യൂട്ട് അടിക്കാനാണ് തോന്നിയത്. ഇവരൊക്കെ പോലീസാണോ, എന്ത് മനുഷ്യനാണ് സാറെ നിങ്ങൾ. എന്ത് കരുതലാണ് സാറേ നിങ്ങൾ, ഏത് നട്ടുച്ച വെയിലത്തും ഞങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുവാൻ വേണ്ടി നിൽക്കുമ്പോൾ സ്വന്തം വേദന പോലും മറന്നു കൊണ്ട് മറ്റുള്ളവന്റെ വേദന മനസ്സിലാക്കുന്ന ഇതുപോലെ നന്മയുള്ള പോലീസുകാരെയാണ് നമ്മുടെ നാടിന് ആവശ്യം. ഇത് പിണറായിയുടെ പൊലീസല്ല, ചെന്നിത്തലയുടെ പോലീസല്ല, മോദിയുടെ പോലീസുമല്ല. ഇതാണ് സാധാരണക്കാരന്റെ പോലീസ്.

Leave A Reply

Your email address will not be published.

You cannot copy content of this page